
തിരുവനന്തപുരം: പി.എസ്.സി. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ചെയർമാൻ എം.ആർ. ബൈജുവിനെ വീണ്ടും ചോദ്യംചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്. ചൊവ്വാഴ്ച നിർബന്ധമായും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം ബൈജുവിന് നോട്ടീസ് നൽകി. കേസിൽ ചെയർമാനെ പ്രതിചേർക്കുന്നതിനും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുന്നതിനും മുന്നോടിയായാണ് നീക്കമെന്നാണ് സൂചന.
ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് വീണ്ടും ചോദ്യംചെയ്യൽ. പരീക്ഷയിലെ പത്ത് ചോദ്യങ്ങളുടെ മൂല്യനിർണയം നടത്താതിരുന്നത് ബോധപൂർവമായ നടപടിയാണെന്നതടക്കമുള്ള നിർണായക വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. കേസിൽ രണ്ട് ഉദ്യോഗസ്ഥർ അറസ്റ്റിലായതോടെ അന്വേഷണം പി.എസ്.സി. ചെയർമാനിലേക്കും വ്യാപിക്കുകയാണ്.
കഴിഞ്ഞയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിരുന്നെങ്കിലും ഹൈക്കോടതിയിൽ കേസ് പരിഗണനയിലാണെന്ന കാരണം ചൂണ്ടിക്കാട്ടി എം.ആർ. ബൈജു ഹാജരായിരുന്നില്ല. കേസിൽ അറസ്റ്റിലായ അഡീഷണൽ സെക്രട്ടറി ആർ. ഹരിക്കൊപ്പം ചെയർമാനെ ചോദ്യംചെയ്യാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ പദ്ധതി. ബൈജുവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഉദ്യോഗസ്ഥനാണ് ആർ. ഹരി.
എഴുത്തുപരീക്ഷകളിലെ മാർക്ക് ചെയർമാനും പി.എസ്.സി. അംഗങ്ങൾക്കും മുൻകൂട്ടി ലഭിച്ചിരുന്നുവെന്നതടക്കമുള്ള ഗൗരവമേറിയ വിവരങ്ങളും അന്വേഷണത്തിൽ പുറത്തുവന്നിട്ടുണ്ട്. പി.എസ്.സി.യിലെ പല കാര്യങ്ങളിലും ചെയർമാൻ ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തിരുന്നുവെന്ന മൊഴികളും അന്വേഷണസംഘത്തിന് ലഭിച്ചതായാണ് വിവരം.
ചോദ്യംചെയ്യലിന് ഹാജരാകാത്തതും അന്വേഷണം വൈകിപ്പിക്കുന്നതുമായ നടപടികളിൽ ഹൈക്കോടതി നേരത്തേ പി.എസ്.സി.യെയും സർക്കാരിനെയും വിമർശിച്ചിരുന്നു. കോടതിയുടെ ഇടപെടൽ കൂടി കണക്കിലെടുത്താണ് ചെയർമാന് വീണ്ടും നോട്ടീസ് നൽകിയത്. ചൊവ്വാഴ്ചയും ഹാജരാകാതിരുന്നാൽ ഇക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
ഇതിനിടെ, എം.ആർ. ബൈജുവിന്റെ കാലത്ത് നടന്ന അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പരീക്ഷാ ക്രമക്കേടും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, ഖാദി ബോർഡ് വില്ലേജ് ഓയിൽ ഇൻസ്പെക്ടർ പരീക്ഷകളിലെ ക്രമക്കേടുകളിൽ മുൻ പി.എസ്.സി. ചെയർമാൻ എം.കെ. സക്കീറിനെതിരെയും ആരോപണങ്ങളുണ്ട്. എന്നാൽ, ഈ കേസുകളിൽ അദ്ദേഹത്തെ ഇതുവരെ ചോദ്യംചെയ്യലിന് വിളിപ്പിച്ചിട്ടില്ല.










